Thursday, June 25, 2020

മഹാലക്ഷ്മി : ഭാഗം 1

0

            അദ്ധ്യായം 1 : പ്രാരംഭം 



       എന്റെ അമ്മക്ക് ഉമ്മകൊടുക്കുന്നതും ആരെങ്കിലും അമ്മയെ ഉമ്മവെക്കുന്നതും ഒട്ടും ഇഷ്ടമല്ലായിരുന്നു. പക്ഷെ ഇപ്പോൾ അമ്മ എന്റെ നെറ്റിയിലും കവിളിലും ഓരോ ഉമ്മ തന്നു. അമ്മക്ക് പിന്നാലെ അച്ഛനും. നെറ്റിയിൽ ഒരുമ്മ തന്ന ശേഷം എന്നെ ഒരു നോട്ടം നോക്കി. ചാര നിറമുള്ള മുടിയും മീശയും വട്ടക്കണ്ണടയും ആ നോട്ടത്തിന്റെ ഗൗരവം വർധിപ്പിച്ചു. അമ്മയെപ്പോലെ അച്ഛന് വലിയ സങ്കടമൊന്നുമില്ലെന്ന് തോന്നുന്നു. ഉണ്ടെങ്കിലും പുറത്ത് കാണിക്കില്ല. അച്ഛന് പിന്നാലെ വന്നത് മുസ്തഫയായിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വന്ന അവൻ എന്റെ കവിളിൽ തലോടി, ചുണ്ടിനു താഴെയായി അമർത്തി ഉമ്മവെച്ചു. അവനെന്റെ ചുണ്ടിൽ ഉമ്മവെച്ചിരുന്നെങ്കിൽ ആ ചുണ്ടിലെ തണുപ്പ് എനിക്കൊരുക്കൽക്കൂടി അനുഭവിക്കാമായിരുന്നു. ഈ ചൂടിൽ അതെനിക്കൊരാശ്വാസമായേനെ. ചൂടിനെക്കുറിച്ച് പറയാതിരിക്കുകയാണ് ഭേദം. നല്ല വെയിലായതിനാൽ മുകളിലെ നീല ടാർപ്പായയിൽ നിന്നുള്ള ചൂട് ഇവിടമാകെ തങ്ങിനിൽക്കുകയാണ്. ഫാൻ ഇടാമെന്നുവെച്ചാൽ വിളക്കണഞ്ഞുപോകും. വിളക്കിനടുത്തിരിക്കുന്ന സൈക്കിൾ തിരിയുടെ പുക എന്നെത്തന്നെ ലക്ഷ്യംവെച്ച് വരികയാണ്. അതും പോരാഞ്ഞിട്ടാണ് ഓരോ കിലോവീതമുള്ള നാല് റീത്തും കാലുമുതൽ നെഞ്ച് വരെ നിരത്തിവച്ചിരിക്കുന്നത്. ശ്വാസമില്ലെങ്കിലും ശ്വാസം മുട്ടുന്ന അവസ്ഥ. സരോജിനിക്കുഞ്ഞമ്മയായിരുന്നു അടുത്തതായി ഉമ്മ തരുവാൻ വന്നത്. "ഇനിയാരെങ്കിലും അന്ത്യ ചുംബനം കൊടുക്കാനുണ്ടോ" കർമ്മി ഉറക്കെ വിളിച്ചു ചോദിച്ചു. പെട്ടെന്ന് ശ്വാസവിസ്ഫോടനത്തെ തുടർന്ന് ഇടതുമൂക്കിലെ പഞ്ഞി തെറിച്ചു പോയി. ഉമ്മവെക്കാൻ വന്ന കുഞ്ഞമ്മ എറിയാൻ കല്ലെടുത്തതു കണ്ട പൂച്ചയെപ്പോലെ ഓടിമാറി...

ഞാൻ മെല്ലെ കണ്ണ് തുറന്നു. സരോജിനിക്കുഞ്ഞമ്മ അതാ ഒരു കപ്പ് ചായയുമായി നിൽക്കുന്നു.  ഞാൻ കിടക്കയിൽ നിന്നുമെഴുന്നേറ്റു നരച്ച സ്വർണവളയണിഞ്ഞ, ശോഷിച്ച കൈകളിൽ നിന്ന് ചായവാങ്ങിക്കൊണ്ട്  "നല്ല മഴയാണല്ലോ.... ഞാൻ ഉറങ്ങിപ്പോയി...സമയമെത്രയായി ?" "ഏഴുമണി കഴിഞ്ഞു, അമ്മ വിളിക്കുന്നുണ്ട് വേഗം വീട്ടിലേക്ക് ചെന്നാട്ടെ " മുട്ടുവേദനയുടെ വാർദ്ധക്ക്യാസ്വസ്ഥതയോടെ തിരിഞ്ഞു നടന്ന് കൊണ്ട് കുഞ്ഞമ്മ പറഞ്ഞു. ക്ളോക്കിൽ സമയം ഏഴുമണി. ഷാളിന്റെ അറ്റം തലയിലേക്ക് ഇട്ടുകൊണ്ട് ആർത്തുപെയ്യുന്ന മഴയെ വകവെക്കാതെ കുഞ്ഞമ്മയുടെ വീടിന്റെ ഗേറ്റ് കടന്ന് റോഡിനെതിർവശത്തുള്ള എന്റെ വീട്ടിലേക്ക് ഞാൻ ഓടിക്കയറി. ഈ സരോജിനിക്കുഞ്ഞമ്മ എന്റെ കുഞ്ഞമ്മ ഒന്നുമല്ലകേട്ടോ, ഞാൻ രാത്രിയിൽ അവർക്ക് കൂട്ട് കിടക്കുവാനായി പോവുന്നതാണ്. കുഞ്ഞമ്മയുടെ ഭർത്താവ് അരവിന്ദാക്ഷൻ നായരുടെ മരണശേഷം രോഗങ്ങളും മരുന്ന് കുപ്പികളുമായി കഴിയുന്ന സരോജിനിക്കുഞ്ഞമ്മക്ക് കൂട്ടുകിടക്കുവാൻ ഞാൻ തന്നെ വേണമെന്ന് വാശി. അപ്പുറത്തെ ഷേർളി ചേച്ചിയുടെ മക്കൾ വരാമെന്ന് പറഞ്ഞതാണ്. പക്ഷെ അരവിന്ദാക്ഷൻ നായരുടെ പത്നിയോടൊപ്പം അദ്ദേഹത്തിന്റെ ഇരുനിലവീട്ടിൽ അന്തിയുറങ്ങുവാൻ എന്തുകൊണ്ടും ഈ അയല്പക്കത്ത് യോഗ്യ ശിവദാസൻ നായരുടെ മകളായ ഞാൻ തന്നെയാണെന്നായിരുന്നു കുഞ്ഞമ്മയുടെ കണ്ടെത്തൽ. വളരെ മികച്ച ഒരു കണ്ടെത്തലായിരുന്നു അത്. 

മഴക്ക് പുറമെ വാശിയോടെ വീശിയടിച്ച കാറ്റിൽ വടക്കേപ്പറമ്പിലെ മാങ്ങകൾ ആടിക്കളിക്കുന്നത് നോക്കിക്കൊണ്ടു അടുക്കള വാതിലിൽ നിന്ന് ഞാൻ ഈ ദിവസത്തെ രണ്ടാമത്തെ ചായ കുടിക്കുകയായിരുന്നു. ചട്ടിയിൽ ദോശ മറിച്ചിട്ടുകൊണ്ടു അമ്മയെന്റെ പുലർകാല സ്വപ്നത്തെ വിലയിരുത്തി  "നീ മരിക്കുന്നു എന്ന് കണ്ടെങ്കിലും ചിലപ്പോൾ വേറെയാരെങ്കിലും മരിക്കാനാകും, വേറെ ഏതെങ്കിലും നാട്ടിൽ" അമ്മ പറഞ്ഞു. പക്ഷെ എന്റെ ശ്രദ്ധ വടക്കേപ്പറമ്പിലെ മാവിലായിരുന്നു. "ഇന്നലെ നിറയെ പൂത്തു നിൽക്കുന്നത് കണ്ടായിരുന്നു, ഇന്നതെല്ലാം കൊഴിഞ്ഞുപോകുമല്ലോ" ഞാൻ ആത്മഗതം ഉരുവിട്ടു. "എന്ത് " അമ്മ മനസിലാവാത്ത രീതിയിൽ ചോദിച്ചു. "നമ്മുടെ മാവില്ലേ, അതില് ഉണ്ടായിരുന്ന പൂക്കളെല്ലാം ഇപ്പൊൾ പോയിക്കാണുമല്ലോ" ഞാൻ മഴയുടെ ശബ്ദത്തിൽ എന്റെ ശബ്ദം മുങ്ങിപ്പോവാതിരിക്കുവാനായി അല്പം ഉച്ചത്തിൽ പറഞ്ഞു. "അതാണ് പറയുന്നത് മാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിക്കരുതെന്ന്" അമ്മ പറഞ്ഞുകൊണ്ട് ചുട്ട ദോശകളുമായി ധൃതിയിൽ ഹാളിലേക്ക് നടന്ന് പോയി. ശെരിയാണ്, നൂറു പൂക്കൾ പൂത്താൽ അതിൽ രണ്ടോ മൂന്നോ എണ്ണമാണ് മാങ്ങയാവുക. പക്ഷെ അമ്മ പാസാക്കിയ പഴഞ്ചൊല്ല് എനിക്കിട്ടും ഒന്ന് താങ്ങിയതാണ്. ഇരുപത്തിയെട്ട് വയസ്സായിട്ടും കെട്ടാച്ചരക്കായി നിൽക്കുന്ന പെൺമക്കൾക്ക് അമ്മമാർ ഇടക്കിങ്ങനെ താങ്ങുനൽകുന്നതിൽ പ്രത്യേകിച്ച് അസ്വാഭാവികതയൊന്നുമില്ല. പക്ഷെ ഈ നിമിഷം വരെ എന്റെ അച്ഛനോ അമ്മയോ ചേച്ചിയോ ബന്ധുക്കളോ ആരുംതന്നെ ഒരു വിവാഹത്തിന് നിർബന്ധിച്ചിട്ടില്ല. കല്യാണം കഴിക്കുന്നതിനെക്കുറിച്ച് ചോദിച്ചിട്ടുപോലുമില്ല. ഇരുപത്തിയെട്ട് വയസ്സായിട്ടും ?! ഇതറിഞ്ഞപ്പോൾ മുസ്തഫക്കും ആദ്യം ഞെട്ടലായിരുന്നു. പതിനെട്ടു തികയുമ്പോഴേ കല്യാണമാലോചിക്കുന്ന നാട്ടിൽ ഇരുപത്തിയെട്ട് വയസ്സായിട്ടും ആരും അതേക്കുറിച്ച് സംസാരിക്കുന്നില്ല ! മുസ്തഫയുടെ കുഞ്ഞിക്കണ്ണുകൾ ആശ്ചര്യംകൊണ്ടും സംശയം കൊണ്ടും വലുതായി.  


             അദ്ധ്യായം 2 : മുസ്തഫ 


     മുസ്തഫയെ ഞാൻ പരിചയപ്പെട്ടിട്ട് ഒരു മാസമാവുന്നു. ഞങ്ങളുടെ അയല്പക്കത്തെ വീട്ടിൽ വാടകക്ക് താമസിക്കുന്ന ജമീലുമ്മയുടെയും ഹമീദുപ്പയുടെയും ഏഴുമക്കളിൽ ഏഴാമനാണ് മുസ്തഫയെന്ന മുത്തു. ഉപ്പ അവനെ മുത്തുവെന്നാണ് വിളിക്കാറ്. ബാക്കിമക്കളെല്ലാം കല്യാണം കഴിച്ച് പല സ്ഥലങ്ങളിൽ ആണ്. മുസ്‌തഫയാണെങ്കിൽ ഹോട്ടൽ മാനേജ്മെന്റിന് ശേഷം ഡൽഹിയിലെ ഒരു സ്റ്റാർ ഹോട്ടലിലും. ഉമ്മയും ഉപ്പയും എന്റെ അച്ഛനും അമ്മയുമായി നല്ല കൂട്ടാണ്. സ്വയം പാചക റാണിയെന്ന് കരുതുന്ന ജമീലുമ്മ കോളേജ് അധ്യാപികയായ എന്റെ അമ്മക്ക് പാചകത്തിന്റെ പ്രാക്ടിക്കൽ ക്ലാസുകൾ എടുക്കാറുണ്ട്. ഇടക്ക് ഞങ്ങളും അങ്ങോട്ട് പോകും, അവരോടൊപ്പം അത്താഴം കഴിക്കും. രാഷ്ട്രീയമൊക്കെ സംസാരിക്കും, അച്ഛന്റെ കമ്മ്യൂണിസവും ഉപ്പയുടെ കോണ്ഗ്രസ് ആശയങ്ങളും തമ്മിൽ ആരോഗ്യകരമായി ഏറ്റു മുട്ടുന്നത് ഞാനും അമ്മയും ജമീലുമ്മയും രസത്തോടെ കണ്ടിരിക്കും.  ഉപ്പ കോൺഗ്രസുകാരനാണെങ്കിലും ഉമ്മക്ക് ഇഷ്ടം വി.എസിനെയും പിണറായിയെയുമൊക്കെ ആയിരുന്നു. എന്നാൽ സരോജിനിക്കുഞ്ഞമ്മക്ക് ഈ ഇടപാടുകളൊന്നും അത്ര രസമല്ലായിരുന്നു. 

     ഒരു മാസം മുൻപാണ് ഹമീദുപ്പാക്ക് ഹാർട്ടറ്റാക്ക് വന്നത്. ഏഴുമക്കളെ സൃഷ്ടിച്ചുവെങ്കിലും ഭൂമിയിൽ അറുനൂറ്റിയമ്പത് കിലോ ഭാരം കൂടിയെന്നല്ലാതെ ഇരുവർക്കും അവരെക്കൊണ്ട് പ്രത്യേകിച്ച് ഉപകാരമൊന്നുമില്ലെന്ന് ഞാൻ ചിന്തിച്ചു. ഒടുക്കം ദാ വാടക വീട്ടിലും. ഉപ്പയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് ഞങ്ങളായിരുന്നു. ബില്ലുകളടക്കുവാനും ടെസ്റ്റ്‌ റിസൾട്ടുകൾ വാങ്ങുവാനും ഞാനോടി നടന്നു. കുറച്ച് ദിവസങ്ങൾ കൊണ്ട് അവിടുത്തെ സ്റ്റാഫുകളുമായി ഞാൻ സൗഹൃദത്തിലായി. എന്റെ പൊക്കക്കൂടുതലും,കോട്ടൺ സാരിയിലെ ചന്ദനം മണക്കുന്ന അത്തറും,  നിർത്താതെയുള്ള സംസാരവും കാര്യസാധ്യത്തിനായി  മേൽപ്പല്ലുകൾ കാട്ടിയുള്ള ചിരിയും അവർക്ക് സുപരിചിതമായിരുന്നു. ഉപ്പയെ ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയ ദിവസം, ഞാൻ വീട്ടിൽ പോയി ഉച്ചഭക്ഷണവുമായി തിരികെ ഉപ്പയുടെ മുറിയിലെത്തിയപ്പോൾ എല്ലാവരുടെയും മുഖത്ത് സന്തോഷം. "ഓൻ വന്നു, മുസ്തഫ ! " ഉമ്മ ജനാലക്ക് അടുത്തേക്ക് നോക്കികൊണ്ട് സന്തോഷത്തോടെ പറഞ്ഞു. ഞാൻ ജനാലക്കരിലേക്ക് നോക്കി. ഇളം ചുവപ്പ് നിറത്തിലെ ടീഷർട്ടും നീല ജീൻസും ധരിച്ച ഒരു ചെറുപ്പക്കാരൻ ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കുന്നു. എനിക്കവനോട് അമർഷമുണ്ടായിരുന്നു, ഉമ്മയെയും ഉപ്പയെയും തനിച്ചാക്കി പോയതിൽ. ഫോൺ കട്ട്‌ ചെയ്ത് വരുമ്പോൾ അവനോട് അതിന്റെ പരിഭവം കാണിക്കണമെന്ന് മനസ്സിൽ ഉറപ്പിച്ചതാണ്. പക്ഷെ അവൻ നുണക്കുഴി കാട്ടിയൊന്ന് ചിരിച്ചെങ്കിലും എനിക്ക് പരിഭവപ്രകടനം നടത്തുവാൻ മാത്രം  പൂർണതയില്ലായിരുന്നു ആ ചിരിക്ക്. 


       വൈകുന്നേരം കാന്റീനിൽ മേശക്കിരുവശവുമിരുന്നു ചായകുടിക്കുകയായിരുന്നു ഞാനും മുസ്തഫയും. ക്ളീൻ ഷേവ് ചെയ്ത് മുടി മുകളിലേക്ക് ചീകിവച്ച ആ മുഖം പരിപ്പുവട തിന്നുമ്പോൾ തികച്ചും നിഷ്ക്കളങ്കമായിരുന്നു. എന്റെ ചേച്ചിയുടെ മകൻ മൂന്ന് വയസ്സുകാരൻ സംസാരപ്രിയനായ പാച്ചുവിന്റെ മുഖത്തു ഞാൻ കാണാറുള്ള അതേ ഭാവം. എന്നാൽ ഇവനൊരു വാക്ക് പോലും എന്നോട് മിണ്ടുന്നില്ലല്ലോ എന്തെങ്കിലും ചോദിച്ചാൽ അളന്നും തൂക്കിയും മറുപടി പറയുമെന്നല്ലാതെ ഒരക്ഷരം അധികമില്ല. ഇനി ഇവന്റെ സൗന്ദര്യത്തിനും സ്റ്റാറ്റസിനും എന്നെപ്പോലൊരു നാട്ടിൻ പുറത്തുകാരിയായ യൂ.പി സ്കൂൾ അധ്യാപികയെ സുഹൃത്താക്കുന്നത് ചേർച്ചകേടായിരിക്കുമോ ? 

എന്നാൽ ഫോൺ വരുമ്പോൾ അതിൽ ചിരിച്ചും കൂവിയും ഹിന്ദിയിൽ കലപില വർത്തമാനം പറയുന്നത് കേൾക്കാം. ഞാൻ അന്നത്തെ ദിവസം അവിടെ നിന്നില്ല. മുസ്തഫയോടുള്ള എന്റെ ദേഷ്യം വർധിച്ചു. ഒരു ഡൽഹിക്കാരൻ പരിഷ്‌ക്കരി. ഞാൻ നേരെ വീട്ടിലേക്ക് പോന്നു. അതിൽ പിന്നെ ഞാൻ ആശുപത്രിയിലേക്ക് പോയിട്ടേയില്ല. പക്ഷെ ഞാനൊരു മണ്ടി ! പിന്നീടാണ് ഞാൻ കാര്യങ്ങളറിഞ്ഞത്. മുസ്തഫയ്ക്ക് ഡൽഹിയിലെ ജോലി നഷ്ടപ്പെട്ടിരിക്കുന്നു. രണ്ട് മാസങ്ങൾ കൂടി പൂർത്തിയാക്കി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അവന് കാനഡയിലേക്ക് പോകാമായിരുന്നു. അതായിരുന്നു അവന്റെ സ്വപ്നവും. ഇത്തരമൊരു സാഹചര്യത്തിൽ ആരായാലും പുതിയ സൗഹൃദങ്ങൾക്ക് മുഖം കൊടുക്കക്കുവാൻ സാധ്യതയില്ലല്ലോ. 

    ഡിസ്ചാർജായി വീട്ടിൽ വന്ന ശേഷം ഞാൻ ഉപ്പയെ കാണുവാനായി പോയി. മുസ്തഫ ഉപ്പയെ നന്നായി പരിചരിക്കുന്നുണ്ടായിരുന്നു. ഞാൻ ഉപ്പക്കു സമീപം ഒരു സ്റ്റൂളിൽ ഇരുന്നു. ജമീലുമ്മയുടെ പരീക്ഷണങ്ങൾ കാരണം പൊതുവെ ആഹാരപ്രിയനല്ലാത്ത ഉപ്പ മകനുമായി ആഹാരം കഴിക്കുന്നതിനെ ചൊല്ലി കലഹിക്കുകയായിരുന്നു. "ങ്ങള് ഭക്ഷണം കഴിക്കാണ്ട് എങ്ങനാണുപ്പാ ഇത്രേം ഗുളിക കുടിക്കണേ" മുസ്തഫ പരിഭവത്തോടെ ചോദിച്ചു. പുറമെ അതൊരു ദേഷ്യപ്പെടലാണെങ്കിലും ആ നെറ്റി ചുളിയലിലും തല ചരിച്ചുള്ള നോട്ടത്തിലും കരുതലിന്റെ അംശവും അടങ്ങിയിട്ടുണ്ടായിരുന്നു.   കഴിഞ്ഞയാഴ്ച്ച കണ്ട ഒരു പയ്യാനല്ലായിരുന്നു അവനപ്പോൾ. മുറ്റത്തെ കുറ്റിച്ചെടികളെപ്പോലെ മുഖത്ത് കുരുത്തു നിൽക്കുന്ന കറുത്ത രോമങ്ങൾ ഇളം തവിട്ട് നിറമുള്ള അവന്റെ മുഖത്തെ കൂടുതൽ മനോഹരമാക്കുന്നുവെന്ന് എനിക്ക് തോന്നി. അന്നാണ് മുസ്തഫ എന്നെ വിശദമായി പരിചയപ്പെടുന്നതും, സംസാരിക്കുന്നതും. അവന്റെ ഡൽഹിയിലെ വിശേഷങ്ങളൊക്കെ ഞാൻ ചോദിച്ചറിഞ്ഞു. ഇങ്ങോട്ട് ഒരുപാട് സംസാരിക്കുന്നതിനു പകരം ഞാൻ പറയുന്നത് കേൾക്കുകയായിരുന്നു കൂടുതലും. വളരെ ശ്രദ്ധയോടെ കേൾക്കുന്ന രീതിയിൽ അവനെന്റെ കണ്ണുകളിലേക്ക് നോക്കും, മൂളേണ്ടിടത്ത് മൂളുവാനും ചോദ്യങ്ങൾ ചോദിക്കേണ്ടിടത്ത് ചോദിക്കുവാനും മിണ്ടാതിരിക്കേണ്ടിടത്ത് മിണ്ടാതെയിരിക്കുവാനും അവന് അറിയാമായിരുന്നു. അവൻ എന്നെ അവന്റെ മുറിയിലേക്ക് കൊണ്ട് പോയി. ഡൽഹിയിൽ നിന്ന് ഒരു ബാഗ് നിറയെ സാധനങ്ങൾ ഓൻ കൊണ്ടുവന്നിട്ടുണ്ടെന്ന് ഉമ്മ പറഞ്ഞപ്പോൾ അതെന്തൊക്കെയാവുമെന്ന് അറിയാൻ ആകാംഷയുണ്ടായിരുന്നു. അവന്റെ മുറിക്കുള്ളിലെത്തിയപ്പോൾ ബാഗുകൾ കാലിയായി കിടക്കുന്നു, കട്ടിലിൽ കുറേ പുസ്തകങ്ങൾ അടുക്കി വച്ചിരിക്കുന്നു. ഞങ്ങൾ സംസാരം തുടർന്നു. സംസാരത്തിനിടയിൽ വിവാഹം ഒരു വിഷയമായി പൊന്തിവന്നു. എന്റെ മറുപടികൾ കേട്ട് അവൻ നിശബ്ദനായി. ഇരുപത്തിയെട്ട് വയസ്സായിട്ടും എന്റെ വിവാഹത്തെക്കുറിച്ച് ആരും ആലോചിക്കാത്തതിൽ അവൻ അത്ഭുതപ്പെട്ടു. "എന്താണ് ആരും അതിനു താല്പര്യപ്പെടാത്തത് " ഷർട്ട്‌ ഊരിക്കൊണ്ടു അവൻ ചോദിച്ചു. ഞാൻ നിശബ്ദയായി കട്ടിലിലേക്ക് ഇരുന്നു. അവൻ ഹാങ്ങറിൽ നിന്ന് ഒരു പഴയ ടീ ഷർട്ട്‌ എടുത്തിടുകയായിരുന്നു. അവന്റെ ചോദ്യത്തിന് എനിക്ക് മറുപടി ഇല്ലായിരുന്നു. പകരം ഞാനവന്റെ ശരീരത്തെ നോക്കുകയായിരുന്നു. രോമങ്ങൾ തിങ്ങിനിറഞ്ഞ കൊഴുപ്പെല്ലാം വലിഞ്ഞു ഒതുക്കമുള്ള ശരീരമായിരുന്നു മുസ്തഫയുടേത്. ഉറപ്പും വിസ്താരവുമുള്ള മാറിടം. ചെറുപ്പം മുതലേ ഇത്തരം മാറിടങ്ങൾ എനിക്ക് സുപരിചിതമായിരുന്നു. അച്ഛൻ എന്നെ എടുത്തുകൊണ്ട് നടക്കുമ്പോഴും, ഇപ്പോൾ ഇടക്ക് നെഞ്ചു വേദന വരുമ്പോൾ തടവിക്കൊടുക്കുമ്പോഴും, പറമ്പിൽ പണിക്ക് വരുന്ന റോയിച്ചനും കൂട്ടുകാർക്കും ഭക്ഷണവുമായി ചെല്ലുമ്പോഴും നാലമ്പലത്തിൽ മേൽവസ്ത്രമില്ലാത്ത പുരുഷാരത്തിനിടയിൽ നിന്ന് പ്രാർത്ഥിക്കുമ്പോഴുമെല്ലാം ഇത്തരം മാറിടങ്ങൾ എനിക്ക് സുപരിചിതമായിരുന്നു. അതുകൊണ്ടാവണം മുസ്തഫയുടെ അർദ്ധ നഗ്നത പ്രത്യേകിച്ച് ഒന്നും എന്നിൽ തോന്നിപ്പിക്കാഞ്ഞത്. 

എന്റെയരികിലേക്ക് ഇരുന്നുകൊണ്ട് അവൻ ചോദ്യമാവർത്തിച്ചു "ഒരു തവണ പോലും വീട്ടുകാർ കല്യാണത്തെ കുറിച്ച് സംസാരിച്ചിട്ടില്ലേ ? "






                                                   ( തുടരും.... ) 



Author Image

About AJAY SOMAN
Soratemplates is a blogger resources site is a provider of high quality blogger template with premium looking layout and robust design

No comments:

Post a Comment